സ്നേഹപൂർവ്വം പ്രിയ എ . എസ്.ന്


ഒരു ആസ്വാദകയുടെ അതിർ വരമ്പിനുള്ളിൽ  നിന്നുകൊണ്ട് ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന  കഥാകാരിയെ പേര് ചൊല്ലി വിളിക്കാമോ എന്നറിയില്ല. അവിവേകമാണെങ്കിൽ പൊറുക്കണം  എന്നു മുൻ‌കൂർ   ജാമ്യം എടുക്കുന്നു .

എന്നാണു ഞാൻ  പ്രിയയുടെ കഥ ആദ്യമായി വായിച്ചത് എന്നെനിക്ക് ഓർമയില്ല  , വിടർന്ന  കണ്ണുകളും ക്രോപ് ചെയ്ത മുടിയും മെലിഞ്ഞ ദേഹവുമാണ് ആകെയുള്ള ഓര്മ . എന്നിട്ടും ഞാൻ  ആരോടൊക്കെയോ പറഞ്ഞു എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാകാരി പ്രിയ ആണെന്ന്.
കുറച്ചു വർഷങ്ങൾക്കു  , എന്റെ  വണ്ടിയോടിക്കലിന്റെ  ആദ്യനാളുകളിൽ  , ഒരു 'എൽ  ' ബോര്ഡിന്റെ ബലത്തിൽ  , താരതമ്യേന തിരക്കൊഴിഞ്ഞ കൊച്ചിൻ യൂണിവേഴ്സിറ്റി  പരിസരത്തെ റോഡിലൂടെ , ഇടപ്പള്ളിയിലെ ഓഫീസിൽ നിന്നും  കളമശ്ശേരിയിലെ വീട്ടിലേക്കുള്ള എന്റെ  പതിവ് സായാഹ്ന്ന യാത്രക്കിടയിലാണ് ഞാൻ ആദ്യമായി  പ്രിയയെ കാണുന്നത്. എന്റെ കൈകളിൽ  മെരുങ്ങാതിരുന്ന എന്റെ വണ്ടിയുടെ ബ്രേക്ക് ആഞ്ഞു പിടിച്ചു നിർത്തി  ഞാൻ  എന്റെ കഥാകാരിയെ നോക്കി നിന്നു. ഇവള് ആരെടാ എന്ന മട്ടിൽ  എന്നെ നോക്കിയപ്പോൾ  ആ വിടർന്ന  കണ്ണുകൾ
പിന്നെയും വലുതായോ? പരിചയപ്പെടണമെന്ന മോഹം ... എന്ത് പറയുമെന്ന പേടി ... ജാഡ കാണിച്ചാലോ എന്ന് കരുതി തിരിച്ചു പോന്നു.
ആദ്യമൊക്കെ ഞാൻ  നന്നായി വായിക്കുന്ന കൂട്ടത്തിലായിരുന്നു. പിന്നെ പിന്നെ ജീവിതത്തിന്റെ നിത്യ തിരക്കുകളിൽ  എപ്പോഴോ ഞാനെൻെ വായനാ  ശീലം ഉപേക്ഷിച്ചു. എന്റെ മറ്റുപല വിനോദങ്ങൾക്കുമായി പങ്കു വച്ചപ്പോൽ  വായനക്കായി മാറ്റിവെക്കാൻ  സമയം  തികയാതെ വന്നു എന്നതാവും ശരി. തിന്നും കുടിച്ചും ചിലപ്പോഴൊക്കെ

 ചിത്രങ്ങൾ  വരച്ചും എന്റെ വിശ്രമ വേളകൾ  ഞാൻ  ആനന്ദ ഭരിതമാക്കി. പണ്ടെങ്ങോ വായിച്ച കഥകളിലെ കഥാപാത്രങ്ങൾ  ഒരു നൊസ്റ്റാൾജിക്  ആയി പിന്തുടർന്നപ്പോൾ  കാക്കനാട്ടെ ഇ എം എസ് ലൈബ്രറിയിലെ മെമ്പർഷിപ്  രെജിസ്റ്ററിൽ  എന്റെ പേരും ഇടം കണ്ടെത്തി. അന്ന് , അവിടുത്തെ ഷെൽഫിൽ  നിന്നും ആദ്യമായി എന്റെ കയ്യിൽ  തടഞ്ഞത് "പ്രിയ എ എസ് ന്റെ കഥകൾ  " ആയിരുന്നു എന്നത് യാദൃശ്ചികം  മാത്രം. ആ പുസ്തകം ഞാൻ  എത്ര തവണ വായിച്ചു എന്നറിയില്ല. അന്ന് എന്നോടൊപ്പം പോന്ന ടി. പത്മനാഭനും , ദസ്തയേവിസ്ക്കിയും , ശിഹാബുദ്ധീൻ പൊയ്ത്തുംകടവിലും  എന്റെ അലമാരയിൽ  കിടന്നു വീർപ്പു  മുട്ടുന്നത് ഞാൻ  അറിഞ്ഞു.

ഒരു അസുഖക്കാരിയായി ജീവിച്ചു തീർത്ത  ബാല്യ കൌമാര വേദനകൾ  അക്ഷരത്തിന്റെ നിറം ചാലിച്ച് എഴുതിയത് വായിച്ചു ഞാൻ ഉൾപ്പെടെയുള്ള വായനക്കാർ  വേദനയുടെ  പൊള്ളിപ്പിടച്ചിൽ   അറിഞ്ഞു. എന്നാലും , പ്രിയയുടെ കഥയിൽ  എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് പ്രിയയുടെ അച്ഛനെ ആയിരുന്നു. കഥയിൽ  നിന്നും അച്ഛൻ  നേരെ എന്റെ ഹൃദയത്തിലേക്ക് ഇറങ്ങി വന്നതുപോലെ.. വായിക്കുന്ന ഓരോ സീനും മനസ്സിലെ  ക്യാൻവാസിൽ ഒരു മനോഹര ചിത്രമായി... ഒരു ആശുപത്രി വാസക്കാലത്ത് , എന്തിനെന്നറിയാതെ വാശിപിടിച്ചു കരഞ്ഞ പ്രിയ അച്ഛന്റെ തോളത്തു ആഞ്ഞു കടിച്ചത് വായിച്ചപ്പോൽ  വേദനിച്ചത് എന്റെ മനസ്സായിരുന്നു. ... കണ്ണുനീർ  വന്നത് എന്റെ കണ്ണിൽ  നിന്നായിരുന്നു.ആ നൊമ്പരം ഞാൻ എന്റെ മനസ്സിലേക്ക് അതെ തീവ്രതയോടെ ഏറ്റു വാങ്ങിയത് , ഒരുപക്ഷെ എന്റെ മനസ്സിലെ അച്ഛന്റെ ഓർമകൾക്ക് എന്റെ രണ്ടു വയസ്സുവരെയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടാകാം. എന്റെ  പിറന്നളിന്റെ  പിറ്റേന്ന് ഒരു ദൈവ നിയോഗം പോലെ ഈ ലോകത്ത് നിന്നും താമസം മാറ്റി പോയ എന്റെ അച്ഛൻ  ,എന്റെ ഓർമകൾക്ക് മുന്നിൽ  ഇപ്പോഴും അദൃശ്യനാവുന്നു ... അങ്ങേലോകത്തേക്ക് ഞാൻ  പോകുമ്പോൾ  ആ മുഖം തിരിച്ചറിയാനൊരു അടയാളമെങ്കിലും എന്റെ മനസ്സിൽ  അവശേഷിപ്പിക്കാത്ത ദൈവത്തിനോട് എങ്ങിനെയാണ് ഞാൻ പ്രതിഷേധിക്കേണ്ടത് എന്നറിയില്ല...

യേശു ദേവനെ സ്നേഹിക്കുന്ന കാര്യത്തിൽ  .... സ്വപ്നങ്ങൾ  കാണുന്ന കാര്യത്തിൽ ... തർക്കുത്തരം പറയുന്ന കാര്യത്തിൽ .. ഒക്കെ പ്രിയ എന്നെപ്പോലെ, അല്ല ഞാൻ  പ്രിയയെപ്പോലെ ആണെന്ന് എനിക്ക് തോന്നാറുണ്ട്. ബസ് യാത്രകളിൽ  , കന്യാസ്ത്രീമഠത്തിന്റെ മതിലുകളിൽ  എഴുതി വച്ച ദൈവ വചനങ്ങൾ  കാണാമറയത്ത് എത്തുന്നതുവരെ തിരിഞ്ഞു നോക്കി വായിക്കുന്ന എന്നെപ്പോലെ തന്നെയാണല്ലോ പ്രിയയും എന്നോർത്തപ്പോൾ  എവിടെയൊക്കെയോ എന്റെ ഇഷ്ട കഥാകാരിയുമായി എന്നെ ബന്ധിപ്പിക്കുന്ന ഒരു നേർത്ത  ചരട് ആരും കാണാതെ കിടക്കുന്നത് ഓർത്തു  ഞാൻ കോൾമയിർ  കൊള്ളാറുണ്ട്... ഇപ്പോഴും .
Like

 

Comments

Popular posts from this blog