കൂട്ടം എന്ന ബ്ലോഗ് സൈറ്റിൽ ഞാൻ പരിചയപ്പെട്ട ഒരു അമ്മക്ക്   സ്നേഹത്തോടെ ഈ കവിത സമര്പ്പിക്കുന്നു.
======================
കൂടു വിട്ടെന്റെ കൂടു മാറീടവേ
ചോടു വിട്ടെന്റെ ചോടു മാറീടവേ
എപ്പഴോയെത്തി ഞാനുമീ "കൂട്ട"ത്തിൽ 
വിട്ടൊഴിഞ്ഞു പോവാൻ  കഴിയില്ലിനി !!
പദ്യവും പിന്നെ ഗദ്യവുമായി ഞാൻ 
ഒട്ടി നിന്നുയീ "കൂട്ട" ത്തിന്നോരത്ത്,
കിട്ടിയേറെ അഭിനന്ദനമതി-
ലൊന്നു മാത്രമെൻ  ഉള്ളത്തിലേറ്റി ഞാൻ
"രാജലക്ഷ്മി"യെന്നു പേരുള്ളൊരു
നാരീരത്നമയച്ച മറുപടി
ഒട്ടേറെയെനിക്കിഷ്ടമാവാൻ  എന്തു-
വന്നിതെന്നു നിരൂപിയ്ക്ക വയ്യല്ലോ!
മറുപടിക്കത്തയയ്ക്കുന്ന നേരത്ത്
മധുരമൂറും പേരെന്തു വിളിച്ചിടും?
'രാജി'യെന്നു വിളിച്ചിടാം തല്ക്കാല-
മാദരേണ ഞാൻ  ചൊല്ലിയയച്ചല്ലോ!
മക്കൾ  മൂന്നും കുടുംബസ്ഥരായ് ദൂരെ-
അന്യദേശത്തു സ്വസ്ഥമായ് വാഴുന്നു
ആരും കൂട്ടില്ല "കൂട്ട"ത്തിലീയെന്നെ-
സത്യമാം വിവരങ്ങൾ  അറിഞ്ഞീടിൽ !
ഇപ്പോൾ  ചൊല്ലു നീയെന്തു വിളിച്ചീടും?
എന്നൊരു ചോദ്യം ഇങ്ങോട്ടെറിഞ്ഞിട്ടു
കണ്ണിനെത്തുവാനാവാത്ത ദൂരത്തു-
കണ്ണിമയ്ക്കാതെ കാത്തിരിയ്ക്കുന്നുണ്ടാം.
എന്തു വിളിച്ചിടുമെന്നു സന്ദേഹിച്ചു നിന്നൊ-
രെന് മുന്നിൽ  ആന്റിയായ്, ചേച്ചിയായ്,
എങ്കിലും മാതൃ വാത്സല്യത്തേനിറ്റും അമ്മ-
യെന്നു തന്നെ വിളിച്ചിടാം.
കൊച്ചു വാശികൾ  കുഞ്ഞു പിണക്കങ്ങൾ 
എന്നിലെ കുട്ടി ശാഠ്യങ്ങളേറുമ്പോ-
ളൊക്കെയും പൊറുത്തു അമ്മയെൻ  മുഗ്ദ്ധ-
ബന്ധത്താൽ  മാതൃ വാല്സല്യമിറ്റിച്ചു.
എന്നും രാത്രിയെൻ  ശയ്യ പൂകും മുൻപ് -
അമ്മയോടെന്റെ വൃത്താന്തമൊക്കെയും
എണ്ണിയെണ്ണി പറയാതിരുന്നീടിൽ
നിദ്ര വന്നെന്നെ പുല്കുകയില്ലല്ലോ!
പ്രാണസഖിയെന്നിലേല്പിച്ച വേദന
പ്രാണനിറ്റു വീഴും വിധം ഞാനെന്റെ
നെഞ്ചു പിച്ചിപ്പകർത്തിയതു വായിച്ച-
മ്മ തന്നകം പൊള്ളിപ്പിടഞ്ഞുവോ?
"മതി മതി ! പൊന്നുമോൾ  ദുഖിച്ച"തെന്നമ്മ
അലിവൂറുന്നൊരു സാന്ത്വനമായല്ലോ
"നിന്നിൽ  കാണ്മു ഞാനെന്നെ" യെന്നാർദ്രയായി
അരുമയായെന്റെ കാതിൽ  മൊഴിഞ്ഞല്ലോ.
"ആർക്ക്  വേണമീ സ്നേഹത്തിൻ പച്ചപ്പ്
ആർക്ക് വേണം ഇന്നലിവാർന്ന  ഹൃത്തടം
ആർക്ക് വേണമീ സ്നേഹത്താൽ  ഭ്രാന്തമാം
ആവേശം തിര തല്ലുന്ന മാനസം?
ആരുമേ കണ്ടറിഞ്ഞില്ലെന്  മാനസം
ആരുമേ കേട്ടറിഞ്ഞില്ലെന് സങ്കടം
കുരുതി നല്കി ഞാനെന്നിലെയെന്നെയീ-
പുഴുവരിച്ചൊരീ ജീവിതത്തിനായി"!
സ്നേഹമോടെന്നെ ശാസിച്ചു ചൊല്ലിയാ-
വാക്കുകൾ  കേൾക്കെ  ഞാനറിയുന്നെന്റെ-
നെഞ്ചു നീറ്റുന്ന പച്ചപ്പരമാർത്ത  സത്യ-
ത്തെ വന്നു പുല്കുന്നു കണ്ണീർ  നദി!!!!
ഭൂമിയോളം സഹിക്കാൻ  മനസ്സുള്ള
സാധ്വിയെത്തന്നെ മാതാവായ് തന്നീശ്ശൻ
അത്രയും പ്രിയം ഏറെയോ ഈ എന്നോടു
മറ്റൊരമ്മയെക്കൂടിത്തന്നീടുവാൻ !!??
ബന്ധങ്ങൾ  രണ്ട്, കർമ്മത്താൽ , ജന്മത്താൽ
വന്നു ഭവിച്ചിടും ഏതു മനുഷ്യനും
കർമ്മത്താലെനിക്കീ ജന്മം കിട്ടിയ
മുജ്ജന്മ സുകൃതം ഈയൊരു ബന്ധം!!!
കാലമൊരുപാടു പോകവേ, ഒരു വേള -
മാഞ്ഞുപോം ആ മനസ്സിൽ  നിന്നീ മുഖം!!
കണ്ടുതീരാക്കൊതിയുമായപ്പോഴും
കർമ്മ  ബന്ധത്തിനക്കരെ ഞാനുണ്ടാം!!!
========================

Comments

Popular posts from this blog